പ്രിയേ,
നമുക്കിന്നു യുദ്ധത്തെപ്പറ്റി സംസാരിക്കാം
അല്ലെങ്കിലും യുദ്ധവും പ്രണയവും
പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന്
ചരിത്രം നമ്മെ പഠിപ്പിച്ചതാണല്ലോ.
ചാനലുകളും വര്‍തമാനപ്പത്രങ്ങളും
ചോരയും കണ്ണീരും ആരാന്റ്റെ ആകുലതകളും
അളവു തെറ്റാതെ ചാലിച്ച്
സ്കൂപ്പ് ആഘോഷിക്കുമ്പോള്‍
നാമെന്തിന് ഒഴിഞ്ഞു നില്‍ക്കണം ?
പ്രിയേ,
വാക്കുകള്‍ ആവര്‍ത്തനവിരസമാവുന്നതും
പ്രണയത്തിന്റെ താഴ്വാരത്തില്‍
പച്ചപ്പ് കുറയുന്നതും
നാം അറിഞ്ഞിരുന്നുവെങ്കിലും
പരസ്പരം അറിയിക്കാതെ
പുതുമയുടെ നാടകം കളിക്കുകയായിരുന്നല്ലോ നാം.
അപ്പോഴാണ് ആഘോഷം പോലെ ഈ യുദ്ധം വന്നത്.
ബലാബലങ്ങളുടെ കണക്കെടുപ്പില്‍
നീ ആരുടെ പക്ഷത്താണ് ?
സ്വപ്നങ്ങളുടെ വേരുകള്‍ പോലും
തകര്‍ക്കുന്ന മിസ്സൈലുകള്‍
ആരുടെ വിജയമാണ് കുറിക്കുക ?
നമുക്കൊരു പന്തയം വെച്ചാലോ ?
വിജയിക്കുന്നവന്,
വെടിയുണ്ടയേറ്റു ചിതറിയ ഒരു
ഹൃദയത്തിന്റെ അവസാനത്തെ തുടിപ്പ്.
രാസായുധങ്ങളുടെ പ്രതിപ്രവര്‍ത്തനത്താല്‍
വികൃതമാക്കപ്പെട്ട ഒരു ഭ്രൂണം.
പാതിയില്‍ മുറിഞ്ഞ ഒരു സ്വപ്നം.
ആരുടേതെന്നറിയാത്ത കുറച്ച് ചോരപ്പൂക്കള്‍.
അനാദിയായ കാലത്തിന്റെ അറ്റത്തോളം
പടര്‍ന്നൊഴുകുന്ന കണ്ണീര്‍ക്കടലിലെ
ഒരു കുമ്പിള്‍ കണ്ണീര്‍.
അല്ലാതെ എന്താണവശേഷിക്കുക ?
മതി,
വീണ്ടും പ്രണയത്തെപ്പറ്റി സംസാരിക്കുക.
പ്രണയത്തിന്റെ നനുത്ത ചൂടിലേക്ക് മുഖം താഴ്ത്തി
നരച്ചുതുടങ്ങിയ താഴ്വാരങ്ങള്‍ക്ക്
സ്നേഹജലം പകരുക.
ഹൃദയത്തില്‍ (വീണ്ടും) പച്ചപ്പുകള്‍ തളിര്‍ത്തു തുടങ്ങുമ്പോള്‍
നാം ഒരു സ്വപ്നത്തിലേക്ക്
ഒന്നിച്ചുറങ്ങുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment