ആദ്യരാത്രി.
അയാള്‍ ഒരു സാഹിത്യകാരനായിരുന്നു.
അവളാകട്ടെ,
മോഡേണ്‍ ബിസ്സിനസ്സ് മാനേജ്മെന്റ്റില്‍
ബിരുദാനന്തരബിരുദക്കാരി.
അയാളാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്
ആമ്പല്‍പ്പൂവിന്റെ വിശുദ്ധിയെപ്പറ്റി,
പനിനീര്‍പ്പൂക്കളുടെ സൌരഭ്യത്തെപ്പറ്റി,
തുളസിക്കതിരിന്റെ നൈര്‍മ്മല്യത്തെപ്പറ്റി,
അയാള്‍ വാചാലനായി.
മുഴുവനാക്കുന്നതിനു മുമ്പ്,
അവള്‍,
ഓര്‍ക്കിഡ് കൃഷിയുടെഅനന്തസാദ്ധ്യതകളെപ്പറ്റി
വാരികകളില്‍ വന്ന ലേഖനങ്ങള്‍ ഉദ്ധരിച്ച്
ഒരു ആധികാരിക പ്രഭാഷണം നടത്തി.
സമവായത്തിന്റെ വഴി തേടി
അയാള്‍,
ആകാശത്തിലെ പറവകളുടെ സ്വാതന്ത്യത്തെപ്പറ്റിയും
രാപ്പാടികളുടെ ഈണത്തെപ്പറ്റിയും
ഉറക്കെ അസൂയപ്പെട്ടു.
അമ്പലമുറ്റത്ത് പടര്‍ന്നുപന്തലിച്ച
ആല്‍മരത്തിന്റെ തണലിനെപ്പറ്റി
അതിന്റെ ചുവട്ടിലെ കുളിര്‍മ്മയുള്ള കാറ്റിനെപ്പറ്റി
സംസാരിക്കാന്‍ തുടങ്ങി.
അവള്‍,
ഏതോ പ്രഫസറുടെ വീട്ടില്‍
കമ്പിവലയിട്ട കൂടുകള്‍ക്കുള്ളില്‍
ഇത്തിരിമാത്രം പറക്കാന്‍ കഴിയുന്ന
ലവ്ബേര്‍ഡ്സിന്റെ ഭംഗിയെപ്പറ്റി വാചാലയായി.
ഫ്ലാറ്റുകള്‍ക്ക് പറ്റിയത് ബോണ്‍സായികളാണെന്ന്
യുക്തിപൂര്‍വ്വം സമര്‍ത്ഥിച്ചു.
ആദ്യരാത്രിയുടെ മധുരം ചോരാതിരിക്കാന്‍ വേണ്ടി
അയാള്‍,
നിലാവുറഞ്ഞ രാത്രിയുടെ ലാസ്യഭാവങ്ങളെപ്പറ്റി,
നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്ന സുന്ദരനിമിഷത്തെപ്പറ്റി,
അവളോട് മന്ത്രിച്ചു.
അവള്‍,
നഗരത്തിലെ ഓണം ഫെയറില്‍
കണ്ട അലങ്കാരദീപങ്ങളെക്കുറിച്ചും
ചന്ദ്രനിലെ കുഴികളെക്കുറിച്ചും പറഞ്ഞ്
പാലെടുത്ത് അയാളുടെ നേരെ നീട്ടി.
അയാള്‍,
പാലു മുഴുവന്‍ ഒറ്റയിറക്കിനു കുടിക്കുന്നതും
വാതില്‍ തുറന്ന്
പുറത്തെ തണുത്ത നിലാവിലേക്ക്ഇറങ്ങിപ്പോകുന്നതും
അവള്‍ അമ്പരപ്പോടെ നോക്കി നിന്നു.
പിന്നീട്,
പെട്ടെന്നെന്തോ ഓര്‍ത്തതുപോലെ
ഹാന്‍ഡ്ബാഗില്‍ നിന്നും ‘വിമെന്‍സ് എറ’ എടുത്ത്
അടയാളം വെച്ചിരുന്ന
ഒരു പേജിലേക്ക് മുഖം താഴ്ത്തി.
Subscribe to:
Post Comments (Atom)
1 comment:
നന്നായിട്ടുണ്ട്. ലളിതമായ ഭാഷ; തീക്ഷ്ണമായ ആശയം.
Post a Comment