ഞാന്‍,
സ്വപ്നങ്ങള്‍ പണയം വെച്ച്
എന്റെ സങ്കല്പ സ്വര്‍ഗ്ഗത്തിലേക്ക് വണ്ടി കയറിയ
അഭ്യസ്തവിദ്യന്‍.
സമ്പന്നമായ നഗരത്തിലേക്ക്
തൊഴില്‍ തേടിയെത്തിയ ഗ്രാമവാസി.
ഇവിടെ,
ഉരുകിത്തിളച്ച ഒരു വേനലിന്റെ
ഉച്ചയില്‍,
വരണ്ട മേഘങ്ങള്‍
എന്നോടിറ്റ്കുടിനീരു ചോദിച്ചു.
കറുത്ത പുകയും പേറി
കിതച്ചെത്തിയ ഉഷ്ണക്കാറ്റ്
എന്നോടിത്തിരി കുളിര് ചോദിച്ചു.
കോണ്‍ക്രീറ്റ് കാടുകള്‍ക്കിടയിലൂടെ
ദൂരമേറെ പറന്നു തളര്‍ന്ന ഒരു കുഞ്ഞിക്കിളി
എന്നോടു ഇത്തിരി പച്ചപ്പ് ചോദിച്ചു.
ആശുപത്രികളില്‍,
ശീതീകരിച്ച മുറികളില്‍
ഞാന്‍ കണ്ട നവജാതശിശുക്കള്‍
എന്നോടു ശുദ്ധവായു ചോദിച്ചു.
തെരുവോരത്ത്,
‘യാചകനിരോധിതമേഖല’ എന്നു പതിപ്പിച്ചതിനു താഴെ,
‘ക്ലീന്സിറ്റി‘ യിലെ കരിപ്പാടുകള്‍ പോലെ,
ഞാന്‍ കണ്ട പട്ടിണിക്കോലങ്ങള്‍
എന്നോടൊരു വറ്റു ചോദിച്ചു.
യാന്ത്രികതയുടെ തിരക്കു മുറിച്ചുകടക്കാനാവാതെ
നിരത്തുവക്കില്‍ പകച്ചു നിന്ന
ഒരു മുത്തശ്ശിയുടെ നരച്ച കണ്ണുകള്‍
എന്നോടിത്തിരി കനിവു ചോദിച്ചു.
ഒഴുകിപ്പോയ ഒരു കാറിന്റ്റെ പിന്സീറ്റില്‍
വെള്ളാരങ്കണ്ണുകളുള്ള ബൊമ്മയെ കെട്ടിപ്പിടിച്ചിരുന്ന
ഇംഗ്ലീഷ് ചവക്കുന്ന കുട്ടി
എന്നോടിത്തിരി സ്നേഹം ചോദിച്ചു.
വയ്യ,
ഞാന്‍ മടങ്ങിപ്പോവുകയാണ്.
ദരിദ്രമായ ഈ നഗരത്തില്‍ നിന്നും
സമ്പന്നമായ എന്റെ ഗ്രാമത്തിലേക്ക്
രാവിലെയുള്ള വണ്ടിയില്‍.
ഈ രാവു കൂടി…
നഗരമേ വിട…!
Subscribe to:
Post Comments (Atom)
No comments:
Post a Comment