Wednesday, August 6, 2008

കണ്ണനെക്കാത്ത്

രാധയ്ക്കു പരിഭവമേതുമില്ലെന്‍ കണ്ണാ
കാര്‍മുകില്‍ വര്‍ണ്ണാ നീയെങ്ങുപോയി ?
കാളിയന്മാരൊരു നൂറായ്പ്പെരുകുന്നു
കാളിന്ദി കാകോളമായ് മാറുന്നു.
മാതൃദുഗ്ദ്ധങ്ങളില്‍ നഞ്ഞുകലക്കുന്ന
പൂതന പുണ്യചരിത ചമയുന്നു.
ഉഗ്രസേനന്മാര്‍ തുറുങ്കില്‍ പിടയുന്നു
കംസന്മാര്‍ ചെങ്കോലടക്കിടുന്നു
വൃന്ദാവനങ്ങളില്‍ പച്ചപ്പ് മായുന്നു
കരിമുകില്‍വര്‍ണ്ണാ നീയെങ്ങുപോയി ?
കൃഷ്ണമാര്‍ വാണിഭക്കോലങ്ങളാകുന്നു
പാണ്ഡവര്‍ ദാസരായ് കുമ്പിടുന്നു.
അധര്‍മ്മത്തിന്നക്ഷൌഹിണികള്‍ പെരുകുന്നു
പാര്‍ത്ഥന്‍ കര്‍ത്തവ്യം മറന്നിടുന്നു
ഗോശാലകളിന്നറവു കേന്ദ്രങ്ങളായ്
ഗോപാലബാലാ നീയെങ്ങുപോയി ?
പ്രേമാമൃതം പകര്‍‍ന്നേകേണ്ട, രാധയെ
തെല്ലും സ്മരിക്കേണ്ട, യെങ്കിലും
ധര്‍മ്മത്തിന്നക്ഷയപാത്രവുമായ് വരും
കണ്ണനെക്കാത്തിരിക്കുന്നു ഞാന്‍ രാധിക.

No comments: