അന്നു നമ്മളാ കുന്നിന്‍ ചെരുവില്‍
പൂ പറിക്കാന്‍ പോയതോര്‍ക്കുന്നോ പെണ്ണേ
കാട്ടുപൂവിന്നഴകു നിനക്കെന്നോതി
ഞാന്‍ നിന്നെ ചേര്‍ത്തു നിര്‍ത്തവേ
അന്തിമാനത്തിന്‍ ചോപ്പുപോലപ്പോള്‍
നിന്‍ കവിള്‍ത്തടം ചോന്നുതുടുക്കേ
നിന്‍ കവിളില്‍ നുണക്കുഴിപ്പൂവില്‍
തേന്‍ കുടിച്ചുഞാന്‍ മത്തനായ് പെണ്ണേ
നിന്റ്റെ ചുണ്ടിലെയാര്‍ദ്രത മോന്തി
ഉള്ളിന്നുള്ളിലെ ദാഹം ഞാന്‍ തീര്‍ക്കേ
പാതികൂമ്പിയ നിന്റ്റെ മിഴിയില്‍
നക്ഷത്രം പൂത്തത് കണ്ടു ഞാന്‍ പെണ്ണേ
കാട്ടുചോലക്കുളിരില്‍ നാം നീന്തി
കായ്കനി തിന്നു പൈദാഹം മാറ്റി
രാവുചായുമ്പോള്‍ വള്ളിക്കുടിലില്‍
പന്തല്‍ വിരിച്ച നിലാവിന്റ്റെ ചോട്ടില്‍
നമ്മളിരുന്നു കുന്നിമണിച്ചെപ്പില്‍
സ്വപ്നങ്ങള്‍ കൂട്ടിയതോര്‍ക്കുന്നോ പെണ്ണേ
കാലമെത്ര കടന്നു, നാമെത്ര
രാപ്പകലുകളൊന്നിച്ചു താണ്ടി
ഒന്നുകൂടിയാ കുന്നിന്‍ ചെരുവിലൂ-
ടൊന്നിനുമല്ലാതൊന്നു നടക്കാന്‍
നാമിരുപേരും താങ്ങായി നിന്നാ
പോയകാലങ്ങളോര്‍ത്തു നിറയാന്‍
കൊച്ചുമക്കളറിയേണ്ട, നാളെ
കാലത്തേല്‍ക്കണം, പോകണം, പെണ്ണേ.
No comments:
Post a Comment