Monday, August 11, 2008
വിപ്ലവത്തിന്റ്റെ പാഠഭേദങ്ങള്‍
പ്രോമിത്യൂസിന്റ്റെ കരള്‍തിന്ന്
ചീര്‍ത്ത കഴുകന്‍
സ്പാര്‍ട്ടക്കസിന്റ്റെ
പ്രതിമയില്‍ കാഷ്ഠിക്കുന്നു.
ആഗോളവല്ക്കരണത്തിന്റ്റെ
പൊക്കിള്‍ച്ചുഴിപ്രദര്‍ശനത്തില്‍
അടിമകളുടെ കാമം തിളയ്ക്കുന്നു.
അവര്‍ വീണ്ടും വീണ്ടും അടിമകളാക്കപ്പെടുന്നു.
ചെഗുവേരയുടെ ചിത്രം
നെഞ്ചില്‍ പച്ച കുത്തിയവര്‍
കഞ്ചാവുതോട്ടങ്ങള്‍ക്ക്
കരം പിരിക്കുന്നു.
വസന്തത്തിലെ ഇടിമുഴക്കങ്ങള്‍ക്ക്
കാത്തിരിക്കാന്‍ പറഞ്ഞ്
കൈവീശി കാടുകയറിയവര്‍
കാഷായവും കുരിശും ധരിച്ച്
ശാന്തിമാര്‍ഗ്ഗത്തില്‍ സമാധിയിരിക്കുന്നു.
ചുവന്ന സൂര്യനെ സ്വപ്നം കണ്ട്,
കൈവിലങ്ങുകളിലേക്ക് നോക്കി
നെടുവീര്‍പ്പിടുന്നവരോട്
ഞാനെന്തു പറയാന്‍ ???
Wednesday, August 6, 2008
കണ്ണനെക്കാത്ത്
കാര്‍മുകില്‍ വര്‍ണ്ണാ നീയെങ്ങുപോയി ?
കാളിയന്മാരൊരു നൂറായ്പ്പെരുകുന്നു
കാളിന്ദി കാകോളമായ് മാറുന്നു.
മാതൃദുഗ്ദ്ധങ്ങളില്‍ നഞ്ഞുകലക്കുന്ന
പൂതന പുണ്യചരിത ചമയുന്നു.
ഉഗ്രസേനന്മാര്‍ തുറുങ്കില്‍ പിടയുന്നു
കംസന്മാര്‍ ചെങ്കോലടക്കിടുന്നു
വൃന്ദാവനങ്ങളില്‍ പച്ചപ്പ് മായുന്നു
കരിമുകില്‍വര്‍ണ്ണാ നീയെങ്ങുപോയി ?
കൃഷ്ണമാര്‍ വാണിഭക്കോലങ്ങളാകുന്നു
പാണ്ഡവര്‍ ദാസരായ് കുമ്പിടുന്നു.
അധര്‍മ്മത്തിന്നക്ഷൌഹിണികള്‍ പെരുകുന്നു
പാര്‍ത്ഥന്‍ കര്‍ത്തവ്യം മറന്നിടുന്നു
ഗോശാലകളിന്നറവു കേന്ദ്രങ്ങളായ്
ഗോപാലബാലാ നീയെങ്ങുപോയി ?
പ്രേമാമൃതം പകര്‍ന്നേകേണ്ട, രാധയെ
തെല്ലും സ്മരിക്കേണ്ട, യെങ്കിലും
ധര്‍മ്മത്തിന്നക്ഷയപാത്രവുമായ് വരും
കണ്ണനെക്കാത്തിരിക്കുന്നു ഞാന്‍ രാധിക.
നീ ഓര്‍ക്കുന്നോ പെണ്ണേ
അന്നു നമ്മളാ കുന്നിന്‍ ചെരുവില്‍
പൂ പറിക്കാന്‍ പോയതോര്‍ക്കുന്നോ പെണ്ണേ
കാട്ടുപൂവിന്നഴകു നിനക്കെന്നോതി
ഞാന്‍ നിന്നെ ചേര്‍ത്തു നിര്‍ത്തവേ
അന്തിമാനത്തിന്‍ ചോപ്പുപോലപ്പോള്‍
നിന്‍ കവിള്‍ത്തടം ചോന്നുതുടുക്കേ
നിന്‍ കവിളില്‍ നുണക്കുഴിപ്പൂവില്‍
തേന്‍ കുടിച്ചുഞാന്‍ മത്തനായ് പെണ്ണേ
നിന്റ്റെ ചുണ്ടിലെയാര്‍ദ്രത മോന്തി
ഉള്ളിന്നുള്ളിലെ ദാഹം ഞാന്‍ തീര്‍ക്കേ
പാതികൂമ്പിയ നിന്റ്റെ മിഴിയില്‍
നക്ഷത്രം പൂത്തത് കണ്ടു ഞാന്‍ പെണ്ണേ
കാട്ടുചോലക്കുളിരില്‍ നാം നീന്തി
കായ്കനി തിന്നു പൈദാഹം മാറ്റി
രാവുചായുമ്പോള്‍ വള്ളിക്കുടിലില്‍
പന്തല്‍ വിരിച്ച നിലാവിന്റ്റെ ചോട്ടില്‍
നമ്മളിരുന്നു കുന്നിമണിച്ചെപ്പില്‍
സ്വപ്നങ്ങള്‍ കൂട്ടിയതോര്‍ക്കുന്നോ പെണ്ണേ
കാലമെത്ര കടന്നു, നാമെത്ര
രാപ്പകലുകളൊന്നിച്ചു താണ്ടി
ഒന്നുകൂടിയാ കുന്നിന്‍ ചെരുവിലൂ-
ടൊന്നിനുമല്ലാതൊന്നു നടക്കാന്‍
നാമിരുപേരും താങ്ങായി നിന്നാ
പോയകാലങ്ങളോര്‍ത്തു നിറയാന്‍
കൊച്ചുമക്കളറിയേണ്ട, നാളെ
കാലത്തേല്‍ക്കണം, പോകണം, പെണ്ണേ.
നീ
അത് തണലാണ്
നിലാവാണ്.
എങ്കിലും,
എന്റെ സിരകളെ
പൊള്ളിക്കാന്‍ പോന്ന ചൂട്
അതിനുണ്ട്.
നീ,
എനിക്ക്,
സാന്ത്വനമാണ്,
അഭയമാണ്.
എങ്കിലും,
എന്റെ രാത്രികള്‍
നിദ്രാവിഹീനമാക്കാനുള്ള ശക്തി
നിനക്കുണ്ട്.
നിന്റെ സ്പര്‍ശനം
അലിവാണ്,
കുളിരാണ്.
എങ്കിലും,
എന്നെ ത്രസിപ്പിക്കാനുള്ള
ചാലകശക്തി അതിനുണ്ട്.
നീ
പ്രണയമാണ്.
സ്നേഹത്തിന്റെ പ്രളയമാണ്.
എനിക്ക്,
നിന്റെ സ്നേഹത്തില്‍
മുങ്ങിമരിക്കാനാണിഷ്ടം,
നിന്നില്‍ അലിഞ്ഞുചേരാനാണിഷ്ടം
യുദ്ധവും പ്രണയവും
നമുക്കിന്നു യുദ്ധത്തെപ്പറ്റി സംസാരിക്കാം
അല്ലെങ്കിലും യുദ്ധവും പ്രണയവും
പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന്
ചരിത്രം നമ്മെ പഠിപ്പിച്ചതാണല്ലോ.
ചാനലുകളും വര്‍തമാനപ്പത്രങ്ങളും
ചോരയും കണ്ണീരും ആരാന്റ്റെ ആകുലതകളും
അളവു തെറ്റാതെ ചാലിച്ച്
സ്കൂപ്പ് ആഘോഷിക്കുമ്പോള്‍
നാമെന്തിന് ഒഴിഞ്ഞു നില്‍ക്കണം ?
പ്രിയേ,
വാക്കുകള്‍ ആവര്‍ത്തനവിരസമാവുന്നതും
പ്രണയത്തിന്റെ താഴ്വാരത്തില്‍
പച്ചപ്പ് കുറയുന്നതും
നാം അറിഞ്ഞിരുന്നുവെങ്കിലും
പരസ്പരം അറിയിക്കാതെ
പുതുമയുടെ നാടകം കളിക്കുകയായിരുന്നല്ലോ നാം.
അപ്പോഴാണ് ആഘോഷം പോലെ ഈ യുദ്ധം വന്നത്.
ബലാബലങ്ങളുടെ കണക്കെടുപ്പില്‍
നീ ആരുടെ പക്ഷത്താണ് ?
സ്വപ്നങ്ങളുടെ വേരുകള്‍ പോലും
തകര്‍ക്കുന്ന മിസ്സൈലുകള്‍
ആരുടെ വിജയമാണ് കുറിക്കുക ?
നമുക്കൊരു പന്തയം വെച്ചാലോ ?
വിജയിക്കുന്നവന്,
വെടിയുണ്ടയേറ്റു ചിതറിയ ഒരു
ഹൃദയത്തിന്റെ അവസാനത്തെ തുടിപ്പ്.
രാസായുധങ്ങളുടെ പ്രതിപ്രവര്‍ത്തനത്താല്‍
വികൃതമാക്കപ്പെട്ട ഒരു ഭ്രൂണം.
പാതിയില്‍ മുറിഞ്ഞ ഒരു സ്വപ്നം.
ആരുടേതെന്നറിയാത്ത കുറച്ച് ചോരപ്പൂക്കള്‍.
അനാദിയായ കാലത്തിന്റെ അറ്റത്തോളം
പടര്‍ന്നൊഴുകുന്ന കണ്ണീര്‍ക്കടലിലെ
ഒരു കുമ്പിള്‍ കണ്ണീര്‍.
അല്ലാതെ എന്താണവശേഷിക്കുക ?
മതി,
വീണ്ടും പ്രണയത്തെപ്പറ്റി സംസാരിക്കുക.
പ്രണയത്തിന്റെ നനുത്ത ചൂടിലേക്ക് മുഖം താഴ്ത്തി
നരച്ചുതുടങ്ങിയ താഴ്വാരങ്ങള്‍ക്ക്
സ്നേഹജലം പകരുക.
ഹൃദയത്തില്‍ (വീണ്ടും) പച്ചപ്പുകള്‍ തളിര്‍ത്തു തുടങ്ങുമ്പോള്‍
നാം ഒരു സ്വപ്നത്തിലേക്ക്
ഒന്നിച്ചുറങ്ങുക.
നഗരമേ വിട…!
സ്വപ്നങ്ങള്‍ പണയം വെച്ച്
എന്റെ സങ്കല്പ സ്വര്‍ഗ്ഗത്തിലേക്ക് വണ്ടി കയറിയ
അഭ്യസ്തവിദ്യന്‍.
സമ്പന്നമായ നഗരത്തിലേക്ക്
തൊഴില്‍ തേടിയെത്തിയ ഗ്രാമവാസി.
ഇവിടെ,
ഉരുകിത്തിളച്ച ഒരു വേനലിന്റെ
ഉച്ചയില്‍,
വരണ്ട മേഘങ്ങള്‍
എന്നോടിറ്റ്കുടിനീരു ചോദിച്ചു.
കറുത്ത പുകയും പേറി
കിതച്ചെത്തിയ ഉഷ്ണക്കാറ്റ്
എന്നോടിത്തിരി കുളിര് ചോദിച്ചു.
കോണ്‍ക്രീറ്റ് കാടുകള്‍ക്കിടയിലൂടെ
ദൂരമേറെ പറന്നു തളര്‍ന്ന ഒരു കുഞ്ഞിക്കിളി
എന്നോടു ഇത്തിരി പച്ചപ്പ് ചോദിച്ചു.
ആശുപത്രികളില്‍,
ശീതീകരിച്ച മുറികളില്‍
ഞാന്‍ കണ്ട നവജാതശിശുക്കള്‍
എന്നോടു ശുദ്ധവായു ചോദിച്ചു.
തെരുവോരത്ത്,
‘യാചകനിരോധിതമേഖല’ എന്നു പതിപ്പിച്ചതിനു താഴെ,
‘ക്ലീന്സിറ്റി‘ യിലെ കരിപ്പാടുകള്‍ പോലെ,
ഞാന്‍ കണ്ട പട്ടിണിക്കോലങ്ങള്‍
എന്നോടൊരു വറ്റു ചോദിച്ചു.
യാന്ത്രികതയുടെ തിരക്കു മുറിച്ചുകടക്കാനാവാതെ
നിരത്തുവക്കില്‍ പകച്ചു നിന്ന
ഒരു മുത്തശ്ശിയുടെ നരച്ച കണ്ണുകള്‍
എന്നോടിത്തിരി കനിവു ചോദിച്ചു.
ഒഴുകിപ്പോയ ഒരു കാറിന്റ്റെ പിന്സീറ്റില്‍
വെള്ളാരങ്കണ്ണുകളുള്ള ബൊമ്മയെ കെട്ടിപ്പിടിച്ചിരുന്ന
ഇംഗ്ലീഷ് ചവക്കുന്ന കുട്ടി
എന്നോടിത്തിരി സ്നേഹം ചോദിച്ചു.
വയ്യ,
ഞാന്‍ മടങ്ങിപ്പോവുകയാണ്.
ദരിദ്രമായ ഈ നഗരത്തില്‍ നിന്നും
സമ്പന്നമായ എന്റെ ഗ്രാമത്തിലേക്ക്
രാവിലെയുള്ള വണ്ടിയില്‍.
ഈ രാവു കൂടി…
നഗരമേ വിട…!
ആദ്യരാത്രി.
അയാള്‍ ഒരു സാഹിത്യകാരനായിരുന്നു.
അവളാകട്ടെ,
മോഡേണ്‍ ബിസ്സിനസ്സ് മാനേജ്മെന്റ്റില്‍
ബിരുദാനന്തരബിരുദക്കാരി.
അയാളാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്
ആമ്പല്‍പ്പൂവിന്റെ വിശുദ്ധിയെപ്പറ്റി,
പനിനീര്‍പ്പൂക്കളുടെ സൌരഭ്യത്തെപ്പറ്റി,
തുളസിക്കതിരിന്റെ നൈര്‍മ്മല്യത്തെപ്പറ്റി,
അയാള്‍ വാചാലനായി.
മുഴുവനാക്കുന്നതിനു മുമ്പ്,
അവള്‍,
ഓര്‍ക്കിഡ് കൃഷിയുടെഅനന്തസാദ്ധ്യതകളെപ്പറ്റി
വാരികകളില്‍ വന്ന ലേഖനങ്ങള്‍ ഉദ്ധരിച്ച്
ഒരു ആധികാരിക പ്രഭാഷണം നടത്തി.
സമവായത്തിന്റെ വഴി തേടി
അയാള്‍,
ആകാശത്തിലെ പറവകളുടെ സ്വാതന്ത്യത്തെപ്പറ്റിയും
രാപ്പാടികളുടെ ഈണത്തെപ്പറ്റിയും
ഉറക്കെ അസൂയപ്പെട്ടു.
അമ്പലമുറ്റത്ത് പടര്‍ന്നുപന്തലിച്ച
ആല്‍മരത്തിന്റെ തണലിനെപ്പറ്റി
അതിന്റെ ചുവട്ടിലെ കുളിര്‍മ്മയുള്ള കാറ്റിനെപ്പറ്റി
സംസാരിക്കാന്‍ തുടങ്ങി.
അവള്‍,
ഏതോ പ്രഫസറുടെ വീട്ടില്‍
കമ്പിവലയിട്ട കൂടുകള്‍ക്കുള്ളില്‍
ഇത്തിരിമാത്രം പറക്കാന്‍ കഴിയുന്ന
ലവ്ബേര്‍ഡ്സിന്റെ ഭംഗിയെപ്പറ്റി വാചാലയായി.
ഫ്ലാറ്റുകള്‍ക്ക് പറ്റിയത് ബോണ്‍സായികളാണെന്ന്
യുക്തിപൂര്‍വ്വം സമര്‍ത്ഥിച്ചു.
ആദ്യരാത്രിയുടെ മധുരം ചോരാതിരിക്കാന്‍ വേണ്ടി
അയാള്‍,
നിലാവുറഞ്ഞ രാത്രിയുടെ ലാസ്യഭാവങ്ങളെപ്പറ്റി,
നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്ന സുന്ദരനിമിഷത്തെപ്പറ്റി,
അവളോട് മന്ത്രിച്ചു.
അവള്‍,
നഗരത്തിലെ ഓണം ഫെയറില്‍
കണ്ട അലങ്കാരദീപങ്ങളെക്കുറിച്ചും
ചന്ദ്രനിലെ കുഴികളെക്കുറിച്ചും പറഞ്ഞ്
പാലെടുത്ത് അയാളുടെ നേരെ നീട്ടി.
അയാള്‍,
പാലു മുഴുവന്‍ ഒറ്റയിറക്കിനു കുടിക്കുന്നതും
വാതില്‍ തുറന്ന്
പുറത്തെ തണുത്ത നിലാവിലേക്ക്ഇറങ്ങിപ്പോകുന്നതും
അവള്‍ അമ്പരപ്പോടെ നോക്കി നിന്നു.
പിന്നീട്,
പെട്ടെന്നെന്തോ ഓര്‍ത്തതുപോലെ
ഹാന്‍ഡ്ബാഗില്‍ നിന്നും ‘വിമെന്‍സ് എറ’ എടുത്ത്
അടയാളം വെച്ചിരുന്ന
ഒരു പേജിലേക്ക് മുഖം താഴ്ത്തി.