പതിവായി രാത്രിയിൽ പൂക്കുന്ന നിന്നെ
ഞങ്ങൾക്കിടയിലെ
കുരുത്തം കെട്ട ഒരു കവിയാണ്
നിശാഗന്ധി എന്ന് ആദ്യം വിളിച്ചത്.
പിന്നെയത് നഗരത്തിൽ നിന്റെ പേരായി.
ആദ്യമായി കാണുമ്പോൾ,
സിനിമാതീയറ്ററിന്റെ മുമ്പിലെ
തട്ടുകടയിൽ നിന്നും
ആർത്തിയോടെ ദോശതിന്നുന്ന നീ.
പിന്നീട് പലവട്ടം,
നഗരത്തിലെ പഴയ ബസ് സ്റ്റാന്റിൽ,
റയിൽവെ സേറ്റഷനിൽ,
ആൾത്തിരക്കിൽ നിന്നൊഴിഞ്ഞ്
കണ്ണത്തുംദൂരത്ത്
വിലകുറഞ്ഞ മണം പൂശി
കറുപ്പുപടർന്ന കൺ തടങ്ങളും
കാമം എന്നേ വറ്റിപ്പോയ കണ്ണുകളുമായി
പൂചൂടി ചിരിച്ചുനിൽക്കുന്ന നീ
ഫെമിനയും വിമെൻസ് എറയും തൂക്കി
കാമസൂത്രയും സ്ത്രീസ്വാതന്ത്ര്യവും ഡിസ്കസ് ചെയ്ത്
സ്ത്രീശാക്തീകരണത്തിന്റെ മേച്ചിൽപ്പുറങ്ങളിലേക്ക്
ദുർമ്മേദസ്സടിഞ്ഞ
പ്റുഷ്ഠം കുലുക്കി നടന്നുപോകുന്ന കൊച്ചമ്മമാരുടെ
പുച്ഛം നിറഞ്ഞ നോട്ടം.
കമ്പോളവൽക്കരണത്തിന്റെ
മത്സരത്തിരക്കിലും
ബ്രാൻഡ്നെയിമും പരസ്യവുമില്ലാതെ നീ.
കഫം നിറഞ്ഞ തുപ്പൽ വിഴുങ്ങി
നരച്ച കാമം നുരയുന്ന കണ്ണുകളിലെ
വിഷസൂചികൾ കൊണ്ട്
നിന്റെ മാംസത്തൂക്കമളക്കുന്നവർ.
ഇരുളിന്റെ കൂടാരത്തിലെ
കാമദേവപ്പരിഷകൾ.
വിൽപ്പനച്ചരക്കും
വിൽപ്പനക്കാരിയും
നീ തന്നെയാകുന്നതു കൊണ്ട്
പാവാടച്ചരടിലെ ഊരാക്കുടുക്കിന്
വിലപേശിത്തോൽക്കുന്ന നീ.
ദേശവും തറവാടും ജാതിയും ചോദിക്കാതെ
കറുപ്പും വെളുപ്പും ഭേദമില്ലാതെ
നാഭിച്ചുഴിയിൽ സോഷ്യലിസം വിളമ്പുന്നവൾ.
അവസാനം കാണുമ്പോൾ
ജനറലാശുപത്രിയിലെ വരാന്തയിൽ
ഈച്ചയരിക്കുന്ന
ഒരസ്ഥിപഞ്ജരത്തിനെ മാറോടുചേർത്ത്
കുനിഞ്ഞിരുന്ന് വിങ്ങിക്കരയുന്ന നീ.
മുടിക്കെട്ടിലെ പൂവുകൾ ചതഞ്ഞു വാടിയിരുന്നു.
പിന്നീടൊരിക്കലും നിശാഗന്ധിയായ് നീ പൂത്തില്ല.