രണ്ടു കുന്നുകൾ
ഞാനും നീയും
തല താഴ്ത്താതെ
അടുത്തെങ്കിലും
പരസ്പരം നോക്കാതെ.
നമുക്കിടയിൽ,
മൌനം, ശൂന്യത, ഇരുട്ട്.
ക്ലിപ്തതയില്ലാത്ത
ഇടവേളകളിൽ,
ദീർഘനിശ്വാസങ്ങളുടെ
പ്രതിധ്വനികളുമായി
വട്ടം ചുറ്റുന്ന
മടുപ്പിക്കുന്ന മണമുള്ള കാറ്റ്.
ചുവരിലെ ഘടികാരത്തിനും
എന്റെ ഹൃദയത്തിനും
ഒരേ മിടിപ്പ്.
മുമ്പൊക്കെ,
കൃത്യമായിപ്പറഞ്ഞാൽ
നാം കുന്നുകളാകുന്നതിനു മുമ്പ്,
നമുക്കൊരേ ഹൃദയമിടിപ്പായിരുന്നു.
ഒരു ചെറിയ
സൌന്ദര്യപ്പിണക്കത്തിന്റെ
ചാറ്റൽമഴയെ
ഉരുൾപൊട്ടിപ്പെരുപ്പിച്ച്
പ്രളയമാക്കി വളർത്തിയതും
ഒരു വസന്തത്തെ മുക്കിക്കൊന്നതും
തീരെ ശരിയായില്ല.
ബോധി വൃക്ഷത്തിന്റെ ചുവട്ടിൽ
തപസ്സിരുന്ന
എന്റെ മനസ്സ്
മൌനത്തിന്റെ വാൽമീകം
പൊളിച്ച്
പെട്ടെന്ന് തത്ത്വജ്ഞാനിയായി.
അല്ലെങ്കിലും,
കൊച്ചുകൊച്ചുപിണക്കങ്ങളുടെ
മഞ്ഞുതുള്ളികളെ
സ്നഹത്തിന്റെ ചെപ്പിലടച്ച്,
മുത്തുകളാക്കി വളർത്തുന്ന
ചെപ്പടിവിദ്യ പഠിക്കണമെന്ന്
നിന്നോടു ഞാൻ പറഞ്ഞിട്ടില്ലേ?
(എനിക്ക് പഠിക്കാൻ നേരമില്ല).
എനിക്കിനി
കാത്തിരിക്കാൻ വയ്യ.
പ്രണയത്തിന്റെ പുതുമഴ കാത്തിരുന്ന
എന്റെ ഹൃദയം
തീർത്തു പറഞ്ഞു.
ഇരുട്ടിൽ
എന്റെ കൈവിരലുകൾക്കുവേണ്ടി
കാത്തിരുന്ന ഒരു കൈ.
എന്റെ ചുണ്ടുകൾക്കുവേണ്ടി
കാത്തിരുന്ന ചുണ്ടുകൾ…
വീണ്ടും പ്രണയത്തിന്റെ മഴ..
ഇനി
ഒരറിയിപ്പുണ്ടാകുന്നതു വരെ
നാം കുന്നുകളല്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment