ഇന്ന്,
ക്രിസ്തുവിന് വിചാരണ.
നിന്നെപ്പോലെ
നിന്റെ അയൽക്കാരനെയും
സ്ന്ഹിക്കാൻ പറഞ്ഞതിന്,
ദൈവത്തിനും മനുഷ്യനും ഇടയ്ക്കുള്ള
പൌരോഹിത്യ മേൽക്കോയ്മകൾ
മുറിക്കുവാൻ പറഞ്ഞതിന്,
ഇന്ന്,
ക്രിസ്തുവിന് വിചാരണ
അവസാനത്തെ ശിഷ്യനും
തള്ളിപ്പറയുമ്പോഴും
നിന്റെ കണ്ണുകളിൽ
സ്നഹം തുളുമ്പുന്നു.
അർദ്ധനഗ്നതയും
മുൾക്കിരീടവും മാത്രം
സ്വന്തമായുള്ള ക്രിസ്തുവിനെ നോക്കി
നീതിദേവത ചിരിക്കുന്നു.
കൊള്ളക്കാരെ
കുരിശിൽ നിന്നും മോചിപ്പിച്ച ജനം
അവർക്ക് കൊട്ടാരങ്ങൾ പണിയുന്നു.
ആരാന്റെ പാപത്തിന്റെ കുരിശുചുമന്ന്
ക്രിസ്തു(മാർ) കിതയ്ക്കുന്നു.
നിന്റെ രക്തം കൊണ്ട്
ശുദ്ധീകരിക്കപ്പെട്ടവർ
അപ്പവും വീഞ്ഞും കഴിച്ച്
ഏമ്പക്കം വിട്ട്
തിരുമുറിവുകളെണ്ണി വാതുവെക്കുന്നു.
മുപ്പതുവെള്ളിക്കാശിന്റെ
മൂലധനത്തിൽ നിന്നും
യൂദാസുമാർ വളർന്നിരിക്കുന്നു.
കഴുകിയിട്ടും കഴുകിയിട്ടും പോകാതെ,
നീതിമാന്റെ ചോരക്കറ.
ന്യായാസനങ്ങൾ,
വിധിവാചകങ്ങൾ,
കുരിശുമരണങ്ങൾ.
മറിയത്തിന്റെ കണ്ണുനീർ
കടലായ്പ്പരക്കുന്നു.
ഉയിർത്തെഴുന്നേൽപ്പ്
അകലെയാണ്.
ഇപ്പോഴും.
Subscribe to:
Post Comments (Atom)
No comments:
Post a Comment