കാലത്തിന്റെ കണക്കുപുസ്തകത്തിൽ, താളം തെറ്റിയ സമവാക്യങ്ങൾക്കിടയിൽ,
മാനം കാട്ടാതെ,
ഞാൻ കാത്തുവെച്ച മയിൽപ്പീലി
ഇതു വരെ പെറ്റില്ല.
കണ്ണീരുണങ്ങിപ്പിടിച്ച കുട്ടിക്കാലം
കനവുകളിൽ പൂക്കൾ കരിഞ്ഞ കൗമാരം മൂർഛകളിൽ സ്വയം നഷ്ടപ്പെട്ട യൗവനം
ഇത്ര നാളും
ഞാൻ കാത്തിരിക്കുകയായിരുന്നു.
പകുതിയും
ചിതൽതിന്നുപോയ
ജീവിതത്തിന്റെ പഴന്താളുകളിലെവിടെയോ
പരതിയിട്ടും പരതിയിട്ടും കിട്ടാതെ
ഒരോർമ്മത്തെറ്റുപോലെ
ഇന്നും
എന്റെ മയിൽപ്പീലി.